കൊച്ചി: മുനമ്പത്ത് കുടിയിറക്കു ഭീഷണി നേരിടുന്ന ജനതയുടെ ആശങ്കകൾക്കു മനുഷ്യത്വപരവും ശാശ്വതവുമായ പരിഹാരമുണ്ടാകണമെന്നു കൗൺസിൽ ഫോർ കമ്മ്യുണിറ്റി കോ-ഓപ്പറേഷൻ (സി.സി.സി.) പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി സ്വന്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന ജനങ്ങളോട് സി.സി.സി. ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യത്തിൽ, സർക്കാർ അടിയന്തിരമായി ഇടപെടുകയും ജനങ്ങളുടെ ആശങ്കകളകറ്റുന്ന പ്രശ്നപരിഹാരം ഉണ്ടാക്കുകയും വേണം.
നിരാലംബരായ മനുഷ്യരുടെ നീതിക്കുവേണ്ടിയുള്ള നിലവിളി കേൾക്കാനും അവരുടെ ന്യായമായ അവകാശങ്ങൾ പുനഃസ്ഥാപിച്ചുനൽകാനും ഒരു നിയമവും തടസ്സമാകരുത്. കേരളത്തിന്റെ മനഃസാക്ഷിയെ വേദനിപ്പിക്കുന്നതും അനാവശ്യമായ സ്പർദ്ദയിലേക്കു നയിക്കുന്നതുമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികളും ഭരണ നേതൃത്വവും ജാഗ്രത പുലർത്തണമെന്നും അടിയന്തിരമായി ചേർന്ന സി.സി.സി.യുടെ പ്രവർത്തക സമിതി ആവശ്യപ്പെട്ടു. നവംബർ 7 വ്യാഴാഴ്ച്ച 11 മണിക്ക് സി.സി.സി.യുടെ നേതൃത്വത്തിൽ നിരാഹാരസമരമിരിക്കുന്നവരെ സന്ദർശിക്കാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പ്രവർത്തക സമിതി തീരുമാനിച്ചു.
പ്രസിഡണ്ട് ഡോ. പി. ഗൾഫാർ മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ പി. രാമചന്ദ്രൻ (വേണു) വിഷയാവതരണം നടത്തി. ട്രഷറർ റവ.ഡോ. ആന്റണി വടക്കേകര വി.സി. പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത പ്രവർത്തക സമിതി അംഗങ്ങളെല്ലാവരും വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ചു. സത്വരവും രമ്യവുമായ പ്രശ്നപരിഹാരത്തിനു സി.സി.സി.യുടെ പൂർണ്ണ പിന്തുണയും യോഗം പ്രഖ്യാപിച്ചു.
There must be a humane and lasting solution to the concerns of the Munambam people: CCC.